സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 ജനുവരി 2025 (19:14 IST)
ക്ഷേമ പെന്ഷന് തട്ടിപ്പില്‍ പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കൂടാതെ തട്ടിയെടുത്ത തുകയുടെ 18% പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 47 പേര് അനധികൃതമായി പെന്ഷന് കൈപ്പറ്റി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി ക്ഷേമ പെന്ഷന് വാങ്ങിയത്.
ഇവരില്‍ കോളേജ് അധ്യാപകരും ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നു. ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്ഷന് കൈപ്പറ്റിയത്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്ഷന് വാങ്ങുന്നത്. പിന്നാലെ പൊതു വിദ്യാഭ്യാസ വകുപ്പും ഉണ്ട്. ഇവരില്‍ 224 പേരും ക്ഷേമ പെന്ഷന് വാങ്ങുന്നവരാണ്.
നേരത്തെ ക്ഷേമ പെന്ഷന് തട്ടിപ്പില്‍ 9 വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.