സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കേരളം കത്തയച്ചിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (10:33 IST)

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ അതിതീവ്രമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്റെ കടുത്ത പ്രതിഷേധവും തുടര്‍ സമ്മര്‍ദ്ദവും നിയമ പോരാട്ടങ്ങളുമാണ് മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. ദുരന്തം ഉണ്ടായി 154 ദിവസങ്ങള്‍ക്കു ശേഷമാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.

മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കേരളം കത്തയച്ചിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ പുനരധിവാസത്തിനു സംസ്ഥാനത്തിനു പുറത്തുനിന്ന് ഉള്‍പ്പെടെ ധനസഹായം സ്വീകരിക്കാം. അതേസമയം ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതടക്കമുള്ള പുനരധിവാസ പാക്കേജ്, അധിക അടിയന്തര ധനസഹായം തുടങ്ങിയ കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയിട്ടില്ല.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ പുനരധിവാസത്തിനു അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു തുക കണ്ടെത്താന്‍ സാധിക്കും. മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രാദേശിക വികസന നിധിയില്‍ നിന്ന് ഒരു കോടി രൂപ വരെ അനുവദിക്കാം. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥമാകും. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :