2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (19:28 IST)
2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി. ദിനേഷ് കുമാറും വിമാനത്താവളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ എയര്‍ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാറും ഒപ്പുവെച്ചു. വാര്‍ത്താസമ്മേളനത്തില്‍ എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും ധാരണാപത്രം പരസ്പരം കൈമാറി.

പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരില്‍നിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയര്‍ കേരള സര്‍വീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതല്‍ പ്രതിദിന സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ എ ടി ആര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വീസുകളും പിന്നീട് സിംഗിള്‍-അയല്‍ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

എയര്‍ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കിയാല്‍ എംഡി സി ദിനേശ് കുമാര്‍ പറഞ്ഞു. എയര്‍ കേരളയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കിയാല്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഇരു കക്ഷികള്‍ക്കും ഗുണകരമാകുമെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കണക്റ്റിവിറ്റി ലഭിക്കണമെന്ന പ്രദേശത്തെ യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എയര്‍ കേരള ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. വ്യോമയാന രംഗത്തെ പുതിയ കാല്‍വെപ്പ് എന്ന നിലയില്‍, കണ്ണൂരില്‍ നിന്ന് എയര്‍ കേരള സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍പോര്‍ട്ട് മാനേജ്മെന്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കിയാലുമായുള്ള
പങ്കാളിത്തം, കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുവാന്‍ പ്രചോദനമാകും. എയര്‍ കേരളയുടെ പ്രവര്‍ത്തനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എയര്‍ കേരളയുമായുള്ള സഹകരണത്തോടെ കിയാല്‍ പുതുവര്‍ഷത്തില്‍ വലിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം ആറ് വര്‍ഷം കൊണ്ട് 65 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു .എയര്‍ കേരള ആരംഭിക്കുന്നതോടെ ഉത്തര മലബാറിലെ ടൂറിസം മേഖലക്കും നേട്ടമാകും.
വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ കേരള വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷന്‍സ് ഹെഡ് ഷാമോന്‍, കിയാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി കുമാര്‍,
സിഎഫ്ഒ ജയകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :