ഇന്നേവരെ മദ്യപിച്ചിട്ടില്ല, ബാറിൽ പോയിട്ടില്ല,ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല; ശ്രീറാം സുഹൃത്താണ്; ആരോപണങ്ങൾക്ക് മറുപടിയുമായി വഫ

ഫിറോസിന്‍റെ ആരോപണങ്ങൾ മുഴുവൻ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും ആറു വിഡിയോകളിലൂടെ അവർ അഭ്യർഥിക്കുന്നു.

തുമ്പി എബ്രഹാം| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (08:30 IST)
മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിലൂടെ വിവാദ നായികയായ വഫ ഫിറോസ്, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് അയച്ച വക്കീൽ നോട്ടീസിലെ ആരോപണങ്ങൾക്കുള്ള മറുപടി നൽകാനാണ് 'ടിക് ടോക്' വീഡിയോയിലൂടെ വഫ രംഗത്തെത്തിയത്. ഫിറോസിന്‍റെ ആരോപണങ്ങൾ മുഴുവൻ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും ആറു വിഡിയോകളിലൂടെ അവർ അഭ്യർഥിക്കുന്നു.

വീഡിയോയിൽ വഫ പറയുന്നത്:-

''ഈ വീഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവർക്ക് വേണ്ടിയുള്ളതാണ്. നിങ്ങൾ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭർത്താവെന്ന നിലയിൽ മനസിലാക്കിയ ആളല്ല. എനിക്ക് മൂന്നോ നാലോ വയസു മുതലേ അറിയാവുന്ന വ്യക്തിയാണ്. ഞങ്ങൾ തമ്മിൽ 13 വർഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയൽക്കാരനാണ്. മാത്രമല്ല, അദ്ദേഹം എന്‍റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേയ്ക്ക് നാട്ടിൽ വന്നു. എന്നാൽ പുള്ളിക്കാരൻ എന്നെയും മോളെയും വന്നു കാണാൻ കൂട്ടാക്കിയില്ല. ആദ്യമൊക്കെ എന്‍റെ കൂടെ നിൽക്കാമെന്നാണ് പറഞ്ഞതെങ്കിലും നാട്ടിൽ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയയ്ക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. 19 വർഷം അദ്ദേഹം കണ്ട വഫയല്ല, അതിലുമിതിലും കാണിച്ച വഫയാണ് യഥാർഥമെന്ന് അദ്ദേഹവും വിശ്വസിച്ചുകാണും.

എനിക്കെതിരെ കുറേ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗർഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സായി. അവൾക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവൾ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേയ്ക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് തന്നത്.

അടുത്ത ആരോപണം, ഫിറോസിന്‍റെ ബിസിനസെല്ലാം ഞാൻ കാരണമാണ് തകർന്നത് എന്നു പറഞ്ഞു. ജോർജ് എന്നൊരു വ്യക്തിയുമായിട്ടാണ് ഫിറോസ് ബിസിനസ് തുടങ്ങിയത്. ഫിറോസ് ബഹ്റൈനിൽ ബിസിനസ് തുടങ്ങിയപ്പോൾ ഷിയാ–സുന്നി പ്രശ്നം നടക്കുകയായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോർജ് കൈവിട്ടു. രണ്ടു വർഷം മാത്രമേ ഞങ്ങൾക്ക് ബഹ്റൈനിൽ നിൽക്കാൻ പറ്റിയുള്ളൂ. ആ ബിസിനസിന്‍റെ ഉത്തരവാദിത്തം എന്‍റെ തലയിൽ എന്തുകൊണ്ട് ഫിറോസ് കൊണ്ടിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല.

അടുത്ത ആരോപണം അന്യപുരുഷന്മാരുമായി സമ്പർക്കം ഉണ്ടെന്നാണ്. എന്നാൽ ശ്രീറാം എന്‍റെ വെറുമൊരു സുഹൃത്താണ്. അത് ഞാൻ അദ്ദേഹത്തിന്‍റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാൻ. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. അങ്ങനെ ഇറങ്ങിപ്പോയതാണ്. അതിൽ എന്‍റെ മനസിൽ എന്തെങ്കിലും വൃത്തികേടുണ്ടെങ്കിൽ ഞാനെന്‍റെ മകളുടെ അടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല.

താൻ നിർബന്ധിച്ച് ഫിറോസിനെ കൊണ്ട് കാർ വാങ്ങിപ്പിച്ചു എന്ന ആരോപണവും നിഷേധിക്കുന്നു. ഫിറോസ് ബഹ്റൈനിലായിരുന്നപ്പോൾ തന്‍റെ പേരിൽ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണ്. എന്തിനാണ് എന്‍റെ പേരിൽ വായ്പയെടുത്ത് കാർ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എങ്ങാനും എനിക്ക് വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8.25 ലക്ഷം രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോൾ പുള്ളിക്കാരൻ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :