സുധീരനെ കാഴ്‍ചക്കാരനാക്കി ഒറ്റപ്പെടുത്താന്‍ എ-ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു

വിഎം സുധീരന്‍ , എ-ഐ ഗ്രൂപ്പുകള്‍ , കെപിസിസി , വിഡി സതീശന്‍ , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (11:06 IST)
 
 
 
 
 
 
കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ രംഗത്ത്. കെപിസിസി പ്രസിഡന്റിന്റെ നടപടികള്‍ ഇരു ഗ്രൂപ്പുകളേയും ഒരുപോലെ ഉന്നമിടുന്ന സാഹചര്യം സംജാതമാകുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് അദ്ദേഹത്തെ കാഴ്‍ചക്കാരനാക്കി സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.

തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലെ സംഘടനാ തര്‍ക്കങ്ങളില്‍ ഇടപെട്ട് സുധീരന്‍ നായകനാകുന്നത് തടയാന്‍ തൃശൂരിലെ തര്‍ക്കം തീര്‍ക്കാന്‍ വിഡി സതീശനെയും ഇടുക്കിയിലെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ബെന്നി ബഹനാനെയും ഗ്രൂപ്പുകളുടെ സംയുക്ത യോഗം ഏല്‍പ്പിച്ചു. പ്രശ്‌നങ്ങളെല്ലാം സുധീരന്‍ ഇടപെട്ട് പരിഹരിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കമുള്ള ചാവക്കാട് അടക്കം സുധീരനെ മാറ്റി നിര്‍ത്തി ഗ്രൂപ്പ് നേതൃത്വങ്ങള്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌ന പരിഹാരം കാണാനും എ - ഐ ഗ്രൂപ്പുകളില്‍ ധാരണയായിട്ടുണ്ട്.

എ- ഐ ഗ്രൂപ്പുകളെ കൂടാതെ സുധീരന്‍ ഗ്രൂപ്പ് കളിച്ച് സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഗ്രൂപ്പുകള്‍ പറയുന്നുണ്ട്. തദ്ദേതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തിലും പിടിവാശി തുടരുന്ന സുധീരന്‍ ജയിക്കാനുള്ള സാഹചര്യം നശിപ്പിക്കുമെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. നിലവിലുള്ള അനുകൂലമായ സാഹചര്യമാണ് കെപിസിസി പ്രസിഡന്‍റ് ആ‍വശ്യപ്പെട്ടതുപോലെ പുനഃസംഘടനകള്‍ നടത്തിയാല്‍ ആ സാഹചര്യം ഇല്ലാതാകും. പ്രവര്‍ത്തകരില്‍ വീണ്ടും മുറുമുറുപ്പ് രൂക്ഷമാകും. ഈ അവസ്ഥയില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലതെന്നും എ-ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തുറന്ന പോരിന് ഇറങ്ങേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ സമ്മേളനത്തില്‍ ഗ്രൂപ്പുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്തുണ നല്‍കിയതായിട്ടാണ് സൂചന. അതേസമയം, എ, ഐ ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ഡിസിസി പുനഃസംഘടനക്ക് പട്ടിക നല്‍കേണ്ടെന്ന് തീരുമാനിച്ചു.

എന്നാല്‍ കഴിവും പ്രവര്‍ത്തന പാരമ്പര്യവുമുള്ളവരെ കൊണ്ടുവരാനുള്ള അവസരം എ ഐ ഗ്രൂപ്പുകള്‍ നശിപ്പിക്കുകയാണെന്നാണ് സുധീരന്‍ അനുകൂലികള്‍ പറയുന്നത്. സുധീരന്‍ അഴിമതിക്കെതിരെ നിലപാടെടുക്കുമ്പോഴാണ് ഇരുഗ്രൂപ്പുകളും വൈരം മറന്ന് ഒന്നിക്കുന്നതെന്നും സുധീരന്‍ പക്ഷം വാദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :