എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുന്നു: സുധീരന്‍

   എസ്എന്‍ഡിപി , വിഎം സുധീരന്‍ , കെപിസിസി , വിഎം സുധീരന്‍
കൊല്ലം| jibin| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (12:00 IST)
സംഘപരിവാറിന്റെ കാവല്‍ക്കാരായി എസ്എന്‍ഡിപി മാറുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ശ്രീനാരായണ ധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അതു ചെയ്യുന്നില്ല. എസ്എന്‍ഡിപി സന്ദേശവും സംഘപരിവാര്‍ സന്ദേശവും യോജിച്ചു പോകില്ല. പരസ്പരം യോജിക്കാത്ത രണ്ടു ആശയങ്ങളെ കൂട്ടിക്കെട്ടാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവെയായിരുന്നു എസ്എന്‍ഡിപി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ രംഗത്ത് എത്തിയത്. എല്ലാവരേയും സാഹോദര്യത്തോടെ കാണണമെന്നാണ് ഗുരു തത്വം. ഒരു മതം മാത്രം മതിയെന്നാണ് സംഘപരിവാര്‍ പറയുന്നത്. അങ്ങനെയിരിക്കെ ഇവര്‍ക്ക് തമ്മില്‍ എങ്ങനെ യോജിക്കാനാകുമെന്ന് സുധീരന്‍ ചോദിച്ചു.

സ്വാധീനമുള്ള ഭാഗങ്ങളില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് അവര്‍ കേരളത്തില്‍ എസ്.എന്‍.ഡി.പിയെ കൂടെക്കൂട്ടാന്‍ നോക്കുന്നത്. ഗുരുസന്ദേശം വിസ്മരിച്ചുകൊണ്ടുള്ള ഈ കൂട്ടുകെട്ട് ഗൗരവമായി കാണേണ്ട സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മണ്ണില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

തിങ്കളാഴ്‌ച എസ് എന്‍ ഡി പിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കൊല്ലത്ത് വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കവേയാണ് പിണറായി വിജയന്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്. ഗുരുവില്‍ അല്‍പ്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആര്‍ എസ് എസിനോട് അടുക്കാന്‍ ശ്രമിക്കില്ല. ഗുരുദേവദര്‍ശനത്തിന് വിരുദ്ധമായ പാതയിലൂടെ എസ് എന്‍ ഡി പിയെ നയിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചിരുന്നുവെന്നും പിണറായി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :