വിസ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (19:35 IST)
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കാരയ്ക്കാട് മേല്‍പുറത്ത് വീട്ടില്‍ സുനില്‍ എന്ന 38 കാരനാണു കൊട്ടാരക്കര പൊലീസിന്‍റെ വലയിലായത്.

കുവൈറ്റില്‍ വിവിധ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. കൊട്ടാരക്കര നീലേശ്വരം രതീഷ് ഭവനില്‍ രഞ്ജിത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ 14 പേരും ഇയാള്‍ക്കെതിരെ പരാതിക്കാരായുണ്ട്.

കുവൈറ്റില്‍ ഒരു റെസ്റ്റോറന്‍റില്‍ ജോലി വാഗ്ദാനം ചെയ്ത് സുനില്‍ പതിനായിരം രൂപ ആദ്യം വാങ്ങി. ഇടനിലക്കാരിയായി സുല്‍ത്താന്‍ ബത്തേരി സ്വദേശി ഓമന എന്ന സ്ത്രീയാണ് കൂട്ടുനിന്നത്. പലരില്‍ നിന്നായി ഇയാള്‍ നാലായിരം രൂപ മുതല്‍ 22000 രൂപ വരെ വാങ്ങിയതായാണ് വിവരം.

കണ്ണൂര്‍, വയനാട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ പെട്ടവരാണ് തട്ടിപ്പിനിരയായവര്‍. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :