പാലോട് കൊലപാതകം: 3 പേര്‍ പിടിയില്‍

തിരുവനന്തപുരം:| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (19:32 IST)
ഫിനാന്‍സ്, ക്വാറി ബിസിനസുകള്‍ നടത്തിവന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് പിടികൂടി. ആനാട് ഇളവട്ടം കാര്‍ത്തികയില്‍ മോഹനന്‍ നായര്‍ എന്ന 46 കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുന്‍ കാമുകി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

കുറുപുഴ ഇളവട്ടം ആകാശ് ഭവനില്‍ സീമ വില്‍ഫ്രഡ് (36), മണക്കാട് മുട്ടത്തറ സ്വദേശി ഇറച്ചി ഷാജി എന്ന ഷാജി (39), ബീമാപ്പള്ളി മില്‍ക്ക് കോളനി നിവാസി മുഹമ്മദ് സുബൈര്‍ (34) എന്നിവരാണ് പൊലീസ് വലയിലായത്.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഷാജിയുടെ സുഹൃത്ത് കമലേശ്വരം സ്വദേശി സജു എന്ന 49 കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഹനന്‍ നായരും സീമയും നേരത്തേ അടുപ്പത്തിലായിരുന്നു എന്നും പിന്നീട് തെറ്റിപ്പിരിഞ്ഞതാണ് പ്രശ്നമായത്.

സീമയുടെ ഭര്‍ത്താവ് ഹരികുമാര്‍ മരിച്ച മോഹനന്‍ നായരുടെ ബന്ധുവുമാണ്. ഒരു കേസില്‍ ജയിലില്‍ കഴിയുന്ന ഹരികുമാര്‍ ജയിലില്‍ വച്ച് ഷാജിയെ പരിചയപ്പെടുകയും പുറത്തിറങ്ങിയ ശേഷം സീമയുമായി പരിചയപ്പെടുകയും ചെയ്തു. എന്നാല്‍ മോഹനന്‍ നായര്‍ സീമയുമായി വീണ്ടും അടുക്കാന്‍ ശ്രമിച്ചത് പ്രശ്നമാകും എന്ന് കണ്ടതോടെ മോഹനന്‍ നായരെ വകവരുത്തുവാന്‍ തീരുമാനിച്ചു.

സെപ്തംബര്‍ 27 നു സുബര്‍, ഷാജി എന്നിവര്‍ ഓട്ടോയില്‍ മോഹനന്‍ നായരുടെ വീട്ടിലെത്തി സീമ വിളിക്കുന്നതായി അറിയിച്ചു. ഓട്ടോയില്‍ കയറിയ മോഹനന്‍ നായരെ കുറുപുഴയ്ക്കടുത്തു വച്ച് ഇറച്ചിക്കത്തി കൊണ്ട് മോഹനന്‍ നായരെ വെട്ടുകയും കുത്തുകയും ചെയ്തശേഷം ഓട്ടോയില്‍ നിന്ന് പുറത്തുതള്ളി.

പിന്നീട് ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ലഭിച്ച വിവരം അനുസരിച്ച്
ഷാജിയേയും സീമയേയും കരമന നിന്നും സുബൈറിനെ മലപ്പുറത്തു നിന്നും പിടികൂടി.
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :