കേരള കോണ്‍ഗ്രസിനെതിരേ വീക്ഷണം; ‘അമ്പതില്‍ നാണം കുണുങ്ങരുത്’

തിരുവനന്തപുരം| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:57 IST)
കേരള കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. അമ്പതില്‍ നാണം കുണുങ്ങരുത് എന്ന തലക്കെട്ടോടെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസുകള്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് വിരുദ്ധരെന്നും കമ്യൂണിസ്റ്റുകളുമായി അധികാരം പങ്കിട്ടാല്‍ പാര്‍ട്ടി തകരുമെന്നും വീക്ഷണം അടിവരയിടുന്നു. മാണിയുടെ പാര്‍ട്ടി നിലനില്‍ക്കുന്നത് കോണ്‍ഗ്രസ് ബന്ധം മൂലമാണ്. ഈ അടുത്ത കാലത്ത് കമ്യൂണിസ്റ്റ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ചൂണ്ടയിടാന്‍ നോക്കിയിട്ടുണ്ട്. അപ്പോഴേല്ലാം തകര്‍പ്പന്‍ പ്രസ്താവനകള്‍ നടത്താന്‍ കെഎം മാണി ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും വീക്ഷണം ഓര്‍മ്മപ്പെടുത്തുന്നു.

1982 മുതല്‍ പൂര്‍ണ്ണമായും കേരളകോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ കൂടെയാണ്. 50 വര്‍ഷത്തിനിടെ കേരളകോണ്‍ഗ്രസ് ശക്തി പ്രാപിച്ചിട്ടുണ്ടെങ്കില്‍ അത് കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്തിലാണെന്നും വീക്ഷണം ഓര്‍മ്മപ്പെടുത്തുന്നു. കേരളകോണ്‍ഗ്രസിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്നും പാര്‍ട്ടിയുടെ പല നേതാക്കളും പറഞ്ഞിട്ടുണ്ടെന്നും ആര്‍ ബാലകൃഷ്ണ പിളള അത് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തികച്ചും തെറ്റായ പ്രസ്താവനയാണിതെന്നും കേരളകോണ്‍ഗ്രസ് ഉദയം കൊണ്ടതു തന്നെ ഭരണത്തില്‍ പങ്കാളിയാകാന്‍ വേണ്ടിയാണെന്നും ലേഖനം അടിവരയിടുന്നു. മിടുക്കരായ നേതാക്കള്‍ ഉളളതിനാല്‍ പിളര്‍പ്പ് അവര്‍ക്ക് പുതുമയല്ലെന്നും വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി തുളളിത്തുളളി പുറത്തു പോകുകയാണെന്നും വീക്ഷണം പരിഹസിക്കുന്നു.

പിസി ജോര്‍ജിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകളുമായി കേരളകോണ്‍ഗ്രസ് അധികാരം പങ്കിട്ടാല്‍ അന്ന് പാര്‍ട്ടിയുടെ തകര്‍ച്ച തുടങ്ങുമെന്നും പിജെ ജോസഫാണ് അത് കൂടുതല്‍ വിവരിക്കാന്‍ കഴിവുളള നേതാവെന്നും വീക്ഷണം പറഞ്ഞ് വയ്ക്കുന്നു. കെഎം മാണിയുടെ നേതൃത്വത്തിലുളള പാര്‍ട്ടി ഇന്നും നിലനില്‍ക്കുന്നത് എഴുപതുകളുടെ അവസാനം തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം മൂലമാണെന്നും കേരള കോണ്‍ഗ്രസ് രൂപം കൊണ്ട വേളയിലുളള കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം ഊട്ടിയുറപ്പിക്കുക വേണമെന്നും വീക്ഷണം പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :