രേണുക വേണു|
Last Modified ചൊവ്വ, 25 ഫെബ്രുവരി 2025 (10:01 IST)
Shashi Tharoor and VD Satheesan
ശശി തരൂര്‍ അച്ചടക്ക ലംഘനം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു വില കല്‍പ്പിക്കാതെ ആളാകാന്‍ നോക്കുകയാണ് തരൂരെന്നും ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് സതീശന്‍ ഗ്രൂപ്പിന്റെ വിമര്‍ശനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവരോധിക്കാനാണ് തരൂരിന്റെ നീക്കമെന്നും വിമര്‍ശനമുണ്ട്.
പാര്‍ട്ടിയില്‍ തരൂരിനെതിരെ ശക്തമായി നിലകൊള്ളുന്നത് സതീശനും മുരളീധരനുമാണ്. തന്റെ മുഖ്യമന്ത്രി മോഹത്തിനു തരൂര്‍ വെല്ലുവിളിയാകുമെന്ന് സതീശന്‍ കരുതുന്നു. തരൂരിനെതിരെ നടപടി വേണമെന്ന് സതീശന്‍ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സതീശനോടു മുഖം തിരിക്കുകയാണ് ദേശീയ നേതൃത്വം.
പക്ഷേ തരൂരിനെതിരെ ഒരു നീക്കത്തിനും ഹൈക്കമാന്‍ഡ് തയ്യാറല്ല. മറ്റുള്ളവര്‍ പോകുന്നത് പോലെയല്ല തരൂര്‍ പാര്‍ട്ടി വിട്ടാല്‍ എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. തരൂരിനെതിരായ കേരള നേതാക്കളുടെ വിമര്‍ശനങ്ങളെ ഹൈക്കമാന്‍ഡ് പൂര്‍ണമായി തള്ളിക്കളയുന്നു. തരൂരിനെ പൂര്‍ണമായി തള്ളുന്നതിനോടു കെ.സുധാകരനും താല്‍പര്യമില്ല. സതീശനെതിരെയുള്ള കരുവായി സുധാകരന്‍ തരൂരിനെ കാണുകയും ചെയ്യുന്നു.
അതേസമയം മുഖ്യമന്ത്രി കസേരയിലാണ് തരൂര്‍ കണ്ണുവയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നു എന്നതിനപ്പുറം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താനാണ് യോഗ്യനെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നുണ്ട് തരൂര്‍. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ആഗ്രഹിക്കുന്ന പരിഗണന കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടാനും തയ്യാറാണെന്ന സൂചന തരൂര്‍ നല്‍കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.