രേണുക വേണു|
Last Modified ചൊവ്വ, 25 ഫെബ്രുവരി 2025 (08:50 IST)
Thiruvananthapuram Murder Case
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ നടുങ്ങി കേരളം. പ്രതി അഫാന്‍ സ്വന്തം സഹോദരനെ അടക്കം അഞ്ച് പേരെയാണ് വെട്ടിക്കൊന്നത്. കുഞ്ഞനുജന്‍ അഹ്‌സാനെ അഫാന്‍ കൊലപ്പെടുത്തിയത് നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.
അഫാനെക്കാള്‍ പത്ത് വയസ് കുറവാണ് അഹ്‌സാന്. പിതാവ് വിദേശത്തായതിനാല്‍ അഫാന്‍ ആണ് അഹ്‌സാന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. അച്ഛന്റെ കരുതലോടെയാണ് അഫാന്‍ അഹ്‌സാനെ ലാളിച്ചിരുന്നതെന്നും നാട്ടുകാര്‍
പറയുന്നു.
കൊലപാതകത്തിനു മുന്‍പ് അനുജനെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നല്‍കി. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ട്. വീട്ടിലുള്ള ഉമ്മ ഷമിക്ക് കഴിക്കാന്‍ വേണ്ടി പാഴ്‌സല്‍ കൊണ്ടുവന്നതാണോ അതോ അഹ്‌സാന്‍ മുഴുവന്‍ കഴിക്കാത്തതു കൊണ്ട് പാഴ്‌സലാക്കി കൊണ്ടുവന്നതാണോ എന്ന് വ്യക്തമായിട്ടില്ല. ഇത്രയും ഇഷ്ടപ്പെടുന്ന അഹ്‌സാനെ അഫാന്‍ കൊലപ്പെടുത്താന്‍ കാരണം എന്തായിരിക്കുമെന്ന് നാട്ടുകാര്‍ക്കും അറിയില്ല.
ആറ് പേരെ താന്‍ വെട്ടിക്കൊലപ്പെടുത്തിയതായി പെരുമല സ്വദേശി അഫാന്‍ (23) ഇന്നലെ വൈകിട്ടാണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. അഫാന്‍ വെട്ടിയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ഉമ്മ ഷമി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുന്നു. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറ് പേരെ വെട്ടിയെന്നാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ അഫാന്‍ മൊഴി നല്‍കിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് പൊലീസിനു ഇക്കാര്യം വ്യക്തമായത്.