അപര്‍ണ|
Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (07:57 IST)
വാരാപ്പുഴയിലെ വാസുദെവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തെന്ന യുവാവിന്റെ മരണത്തില്‍ പ്രതിഷേധം അറിയിച്ച് ബിജെപി നടത്തിയ സമരത്തിനെതിരെ നിരവധി പേര് രംഗത്തെത്തി. ഇപ്പോഴിതാ, സമരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പേക്കൂത്തുകള്‍ക്ക് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഹര്‍ത്താലിനിടെ കൈക്കുഞ്ഞുമായി വന്ന യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച നടപടിയിലാണ് ബിജെപി അധ്യക്ഷന്റെ ഖേദപ്രകടനം. പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്ന യുവാവിനെ സമരക്കാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദ്രശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
അതോടൊപ്പം, സ്ത്രീകളോടും പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥിനികളോടും മോശമായ രീതിയിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പെരുമാറിയത്. പ്രായമുള്ള ബിജെപി പ്രവര്‍ത്തകരടക്കം വളരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.
അതേസമയം, പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ട ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് ആഭ്യന്തരം ഒഴിയണമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.