പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം; ഒരാള്‍ അറസ്റ്റില്, അന്വേഷണം ഊര്‍ജ്ജിതം

വക്കം| Sajith| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2016 (19:03 IST)
തിരുവനന്തപുരത്ത് ബൈക്കില്‍ സഞ്ചരിച്ച വക്കം സ്വദേശിയായ യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വക്കം സ്വദേശി വിനായക് ആണ് പൊലീസ് പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തോപ്പിക്കവിളാകം റയിൽവേഗേറ്റിനടുത്തു വച്ചാണ് ഷെബീറിനു മർദ്ദനമേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷെബീര്‍ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം സ്വദേശി ഉണ്ണിക്കൃഷ്ണൻ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്കു മുൻപ് വക്കത്ത് ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലിൽപ്പിടിച്ച് ഉൽസവം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് യുവാക്കൾ തമ്മില്‍ ചേരിതിരിഞ്ഞ് സംഘട്ടനം നടന്നിരുന്നു. ഈ സംഭവത്തിൽ രണ്ടു വിഭാഗത്തിൽപെട്ടവർക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കടയ്ക്കാവൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കോടതിയിൽ നടന്നുവരവേയായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമം.

ചിത്രത്തിന് കടപ്പാട്: കൈരളി പീപ്പിള്‍ ടി വി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :