ശ്രീനു എസ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (13:23 IST)
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ പലയിടത്തും വാക്‌സിനായി സംഘര്‍ഷം ഉടലെടുത്തു. പാലക്കാടും കോട്ടയത്തുമാണ് വാക്‌സിനെടുക്കുന്നവരുടെ തിരക്കും സംഘര്‍ഷവും ഉണ്ടായത്. കോട്ടയത്തെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിന്‍ സ്വീകരിക്കാനെത്തിയത് തര്‍ക്കത്തിനിടയാക്കി. പലയിടത്തും സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ തിക്കിഞെരുങ്ങി നിന്നു. പൊലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രിച്ചത്. എന്നാല്‍ പൊലീസും ജനങ്ങളുമായി ഉന്തും തള്ളും നടന്നു.
അതേസമയം പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ രാവിലെ തന്നെ ആയിരത്തോളം പേരാണ് വാക്‌സിനെടുക്കാനെത്തിയത്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ലക്ഷം ഡോസ് വാക്‌സിനുകള്‍ മാത്രമാണുള്ളതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.
അതേസമയം വാക്‌സിന്‍ ക്ഷാമം പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി ഭീതി പരത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ആവശ്യത്തിന് വാക്‌സിന്‍ ഉള്ളപ്പോള്‍ പതിമൂന്നു ശതമാനം മാത്രമാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.