സഹകരണവിഷയത്തില്‍ സംയുക്ത സമരമില്ല; തന്റെ നിലപാട് തള്ളിയെന്ന വാര്‍ത്തയ്ക്ക് പ്രസക്തിയില്ല; ചെന്നിത്തലയുടെ നിലപാടിനെ തള്ളി സുധീരന്‍

രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ വി എം സുധീരന്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (12:55 IST)
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സഹകരണമേഖലയില്‍ ഉണ്ടായ പ്രതിസന്ധിക്കെതിരെ ഇടതുപക്ഷവുമൊത്ത് സംയുക്തസമരത്തിന് തീരുമാനമെടുത്തു എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണവിഷയത്തില്‍ സംയുക്തസമരത്തിന് തീരുമാനമെടുത്തു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ല. ഈ വിഷയത്തില്‍ നിയമസഭയില്‍ ഒന്നിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കും. നരേന്ദ്ര മോഡിയുടെ ജനദ്രോഹ നടപടിക്കെതിരെ പ്രമേയരൂപത്തില്‍ ഒറ്റക്കെട്ടായി ആയിരിക്കും കേരള നിയമസഭ പ്രമേയം പാസാക്കുക.

ഒപ്പം, കേരളത്തിന്റെ പ്രശ്നങ്ങളും വികാരങ്ങളും കേന്ദ്രത്തെ അറിയിച്ച് നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിയില്‍ പോകണമെന്ന് അഭിപ്രായം വന്നിട്ടുണ്ട്. ഈ കൂടിക്കാഴ്ചയില്‍ പരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആ സമയത്ത് യു ഡി എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കും. അതിനു മുമ്പായി കെ പി സി സി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍ സമരം ചെയ്യുന്നത് അതേ രീതിയില്‍ മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു. സഹകരണ വിഷയത്തില്‍ തന്റെ നിലപാടിനെ തള്ളിയെന്ന വാര്‍ത്തയ്ക്ക് പ്രസക്തിയില്ലെന്നും സുധീരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യു ഡി എഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയായാണ് സുധീരന്‍ മാധ്യമങ്ങളെ കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :