സുധീരന്റെ വാക്കിനു പുല്ലുവില; സഹകരണ പ്രശ്നത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തും; സര്‍വ്വകക്ഷിസംഘം ഡല്‍ഹിയിലേക്ക്

സഹകരണപ്രശ്നത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ച് പ്രക്ഷോഭത്തിന്

തിരുവനന്തപുരം| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (11:27 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ചുനില്‍ക്കും. ഇന്ന് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സഹകരണമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് പറഞ്ഞു. യു ഡി എഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ സഹകരണ വിഷയത്തില്‍ എല്‍ ഡി എഫുമായി ചേര്‍ന്ന് യു ഡി എഫ് പ്രക്ഷോഭം നടത്തില്ലെന്ന് പറഞ്ഞിരുന്നു. സുധീരന്റെ ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് രമേശ് ചെന്നിത്തല യു ഡി എഫ് നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ്. നിയമസഭയില്‍ സംയുക്തമായി പ്രമേയം അവതരിപ്പിക്കും. സഹകരണമേഖലയിലെ പ്രതിസന്ധി ബോധിപ്പിക്കാന്‍ സര്‍വ്വകക്ഷി സംഘം ഒന്നിച്ച്
കേന്ദ്രസര്‍ക്കാരിനെ കാണും. ഈ കൂടിക്കാഴ്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനം ഒറ്റക്കെട്ടായി സമരത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :