ആദ്യം 17 വര്‍ഷം ജയിലില്‍ കിടക്കണം, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത് അതിനുശേഷം; സര്‍ക്കാര്‍ കരുണ കാണിച്ചില്ലെങ്കില്‍ ശിഷ്ടകാലം മുഴുവന്‍ ജയിലില്‍, സൂരജ് ശിക്ഷ അനുഭവിക്കേണ്ടത് ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (13:06 IST)

അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് വിശേഷിപ്പിച്ചാണ് ഉത്ര വധക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ പ്രഖ്യാപിക്കുമെന്നാണ് ഉത്രയുടെ വീട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാല്‍, വിധി മറ്റൊന്നായിരുന്നു.

യഥാര്‍ഥത്തില്‍ സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലയ്ക്ക് 10 വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചതിനു ഏഴ് വര്‍ഷം തടവ്. അതായത് ഈ 17 വര്‍ഷം തടവ് ആദ്യം അനുഭവിക്കണം.

കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 17 വര്‍ഷത്തെ തടവിന് ശേഷമാവും ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക. ഇത് കോടതി വിധി പ്രസ്താവത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഇരട്ട ജീവപര്യന്തത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചില്ലെങ്കില്‍ ശിഷ്ടകാലം മുഴുവന്‍ സൂരജ് ജയിലില്‍ കഴിയേണ്ടിവരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :