Last Modified ബുധന്‍, 26 ജൂണ്‍ 2019 (07:46 IST)
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു റിമാന്‍ഡ് പ്രതികള്‍ തടവ് ചാടി. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് തടവുകാരായ സന്ധ്യ മോൾ, ശില്‍പ്പ എന്നിവരെ കാണാനില്ലെന്ന വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇരുവരും ജയില്‍ ചാടിയെന്ന വിവരം അറിയുന്നത്.
ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയാണ്. മോഷണ കേസില്‍ പ്രതിയായാണ് സന്ധ്യാ മോള് ജയിലില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തന്നെ പള്ളിക്കൽ, നഗരൂര്‍ പോലീസ് സ്റ്റേഷനുകളിലെ റിമാന്‍ഡ് പ്രതികളാണ് ഇവർ. വര്‍ക്കല സ്വദേശിയാണ് സന്ധ്യ മോൾ.
ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജയില്‍ പരിസരത്ത് എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചിരുന്നു. ഇതിനിടെ ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ജയിലിലെത്തി.
തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയിലിനു പിന്നിലുള്ള മതില് ചാടിക്കടന്ന് ഇരുവരും രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. കൃഷിത്തോട്ടത്തില്‍ നില്ക്കുന്ന മുരിങ്ങ മരത്തില്‍ കയറിയാണ് ഇവര്‍ മതില് ചാടിക്കടന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.