Last Modified ചൊവ്വ, 25 ജൂണ്‍ 2019 (11:17 IST)
വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമത്തിൽ സല്ലപിച്ച
എസ്ഐ വെട്ടിലായി. സന്ദേശത്തിന് എസ്‌ഐ മറുപടി നൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യാ സന്ദേശം ഇട്ടതാണ് ഉദ്യോഗസ്ഥന് കുരുക്കായത്.ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തതോടെ സംഭവം വിവാദമായി.
തിരുവനന്തപുരം നഗരാതിർത്തിയിലെ പൊലീസ് സ്റ്റേഷനിൽ ചാർജെടുത്ത എസ് ഐയാണ് കഥാനായകൻ. നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യവെ, ശ്രീകാര്യത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്ന കേരള സർവകലാശാല ജീവനക്കാരിയുമായി ഇയാൾ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. ഏറെ നാളായി തുടർന്നുവന്ന ബന്ധം അടുത്തിടെയാണ് വഷളായത്. ഉദ്യോഗസ്ഥൻ പിന്മാറാൻ ശ്രമിച്ചതോടെ യുവതി പലതവണ നേരിൽ കാണാൻ ശ്രമം നടത്തി. എസ് ഐ പോകുന്നിടത്തെല്ലാം യുവതിയുമെത്തി. കാണണമെന്ന ആവശ്യം എസ് ഐ നിരസിക്കുകയും മറുപടി നൽകാതിരിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കാര്യങ്ങൾ കൈവിട്ടുപോയതോടെ അസിസ്റ്റന്റ് കമ്മീഷണർ യുവതിയെ കൗൺസിലിങ്ങിന് വിധേയമാക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധംപറ്റിയതാണെന്നും യുവതി പറഞ്ഞുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇതിനിടെ, യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർത്ത് എസ്ഐയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് സൈബർ പരിശോധിക്കുമെന്നാണ് അറിയുന്നത്.