നരഭോജിയെ പിടിച്ചില്ല, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു, സംഘര്‍ഷം തുടരുന്നു

സുല്‍ത്താന്‍ ബത്തേരി| vishnu| Last Updated: ഞായര്‍, 15 ഫെബ്രുവരി 2015 (13:08 IST)
വയനാട് അതിര്‍ത്തിക്കടുത്ത് തമിഴ്‌നാട്ടിലെ പാട്ടവയല്‍ മേഖലയില്‍ നരഭോജികടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോഴിക്കോട് - ഊട്ടി ദേശീയപാത ഉപരോധിക്കുന്നതിനിടെ സംഘര്‍ഷം. പ്രതിഷേധത്തിനെത്തിയവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസും തകര്‍ത്തു.

ഇന്നലെ രാവിലെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്‌റ്റേറ്റ് ജോലിക്കാരി മഹാലക്ഷ്മിയുടെ മൃതദേഹവുമായാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചത്. ഇന്നലെ കടുവയെ പിടികൂടാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട എസ്റ്റേറ്റ് ജോലിക്കാരിയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും, കുട്ടി പ്ലസ് ടു ജയിച്ചാല്‍ ജോലിയും, ആയിരം രൂപ വീതം പെന്‍ഷനും നല്‍കാമെന്ന് സ്ഥലം സന്ദര്‍ശിച്ച എം.പി ദ്രാവിഡ മണി അറിയിച്ചിരുന്നു. എന്നാല്‍ പത്തുലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ആയിരത്തിലേറെ പേര്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നത്. പ്രശ്‌നം രൂക്ഷമായാല്‍ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കടുവയെ വെടിവെച്ചുകൊന്നാല്‍ മാത്രമേ മൃതദേഹം റോഡില്‍ നിന്നു നീക്കൂവെന്നാണ് സമരക്കാര്‍ പറയുന്നത്.

കടുവയാക്രമണെ ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. അഞ്ചുദിവസത്തിനിടെയാണ് കാടിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

കടുവയെ കണ്ടാല്‍ വെടിവച്ചുകൊല്ലാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്നലെ മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമായി. ഇതിനു പിന്നാലെയാണ് മറ്റൊരാള്‍ക്കു കടുവയാക്രമണത്തില്‍ പരുക്കേറ്റത്. കടുവയ്ക്കായുള്ള തെരച്ചിലില്‍ തമിഴ്‌നാട് വനംവകുപ്പും സഹായിക്കുന്നുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ബിദൃക്കാട് മേഖലയിലാണ് ഭീതി വിതച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :