ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമനുഭവപ്പെട്ട് വനിതാ ഡോക്ടര്‍ മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം യുവഡോക്ടര്‍ മരിച്ചു

തൃശൂർ, ഡോക്ടര്‍, മരണം thrissur, doctor, death
തൃശൂർ| സജിത്ത്| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (17:32 IST)
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സം മൂലം യുവഡോക്ടര്‍ മരിച്ചു. പടിഞ്ഞാറെക്കോട്ട ഗവണ്‍‌മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മലപ്പുറം വണ്ടൂര്‍ സ്വദേശിനിയുമായ ലക്ഷ്മി എം മോഹൻ (29)ആണ് മരിച്ചത്. ധനലക്ഷ്മി ബാങ്കിലെ ചാർട്ടേഡ് അക്കൗണ്ടന്റ് നിലമ്പൂർ സ്വദേശി സിദ്ധാർഥ് പി നായരുടെ ഭാര്യയാണ് ലക്ഷ്മി.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ പ്രമുഖ മാളിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഡോ ലക്ഷ്മിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതിനെ തുടര്‍ന്ന് ചുമ അനുഭവപ്പെടുകയും തുടര്‍ന്ന് മുഖം കഴുകാനായി വാഷ് ബേസിനടുത്തേക്ക് പോകുകയും ചെയ്തു. പിറകെ ഭര്‍ത്താവ് സിദ്ധാർഥും കൈ കഴുകാനായി പോയി. അപ്പോഴാണ് ലക്ഷ്മി തറയില്‍ തളര്‍ന്നു വീണു കിടക്കുന്നത് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ ലക്ഷ്മിയെ ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ലിഫ്റ്റിൽ തിരക്കായതിനാൽ ലക്ഷ്മിയെ താഴെ എത്തിക്കാൻ കുറച്ച് വൈകി. അതുപോലെ ആശുപത്രിയിൽ എത്തിക്കാനും വാഹനം ലഭിക്കാന്‍ താമസിച്ചു. അല്പസമയത്തിനു ശേഷം ഓട്ടോയിലാണു രണ്ടു കിലോമീറ്റർ അകലെയുള്ള അമല ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോളേക്കും ലക്ഷ്മി മരണത്തിനു കീഴടങ്ങിയിരുന്നു.

മാളിൽ വച്ച് ഈ രംഗം കണ്ടുനിന്നവരാരും തന്നെ വാഹനം നൽകാൻ തയ്യാറായില്ലെന്ന പരാതിയുണ്ട്.
ഓട്ടോ വിളിച്ചതുപോലും മാളിൽനിന്ന് 750 മീറ്റർ അകലെയുള്ള റോഡിൽനിന്നായിരുന്നു. പ്രമുഖ മാളായിരുന്നിട്ട്പോലും ഇവിടെ ആംബുലൻസോ മറ്റു വാഹനമോ അടിയന്തരഘട്ടത്തിൽ ലഭ്യമായിരുന്നില്ലെന്നും പരാതി ഉയര്‍ന്നു.
രണ്ടു വർഷം മുൻപായിരുന്നു ലക്ഷ്മിയുടേയും സിദ്ധാര്‍ഥിന്റേയും വിവാഹം. വടക്കൻ പറവൂർ തെക്കെ നാലുവഴി ജനതാ റോഡ് അശ്വതിയിൽ മദൻമോഹന്റെയും ഗീതയുടെയും മകളാണു ലക്ഷ്മി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :