കൊച്ചി|
jibin|
Last Modified ശനി, 11 നവംബര്‍ 2017 (19:53 IST)
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും എതിരായതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനം എൽഡിഎഫിനു വിട്ട് സിപിഎം. ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് എൽഡിഎഫിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തോമസ് ചാണ്ടി വിഷയത്തിൽ സിപിഎം തീരുമാനം കൈക്കൊള്ളുന്നത് മുന്നണി മര്യാദകൾക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനം എൽഡിഎഫിനു വിട്ട് സെക്രട്ടറിയേറ്റ് നിലപാടറിയിച്ചത്. ഞായറാഴ്ച രണ്ടു മണിക്കാണ് എൽഡിഎഫ് ചേരുന്നത്.
രാജി നീട്ടരുതെന്ന് സിപിഎം സംസ്ഥാന സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. രാജി വൈകിയാൽ മുന്നണിക്കും പാർട്ടിക്കും കളങ്കമാകുമെന്നാണു നിലപാട്.
അതേസമയം, തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തകൾ നിഷേധിച്ച് എൻസിപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടു പോലുമില്ല. ലൈംഗികാരോപണത്തില്‍പ്പെട്ട എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കാനാണ് തീരുമാനം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ പറഞ്ഞു.
തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഇക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടുപോലുമില്ല. സിപിഎം രാജിയാവശ്യപ്പെട്ടന്ന വാർത്ത തെറ്റാണ്. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നാല്‍കുന്നതെന്നും പീതാംബരന്‍ വ്യക്തമാക്കി.