സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (12:24 IST)
തിരുവനന്തപുരത്ത് മാതാവിനെ ഉപദ്രവിച്ച വ്യക്തിയുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 30 കാരിയായ പൊഴിയൂര്‍ സ്വദേശിനി ശാലിയാണ് അറസ്റ്റിലായത്. പൊഴിയൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊഴിയൂര്‍ സ്വദേശി ബിബിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ശാലിയും സഹോദരനും ചേര്‍ന്ന് കത്തിച്ചത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ശാലിയുടെ മാതാവിനെ ബിബിന്‍ മര്‍ദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് പൊഴിയൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
ഇതിലെ വിരോധമാണ് സ്കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്കൂട്ടര്‍ കത്തിച്ചത് ശാലിയും സഹോദരനുമാണെന്ന് കണ്ടെത്തിയത്. ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയിലെ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.