നസീറിനായുള്ള കത്തുകളില്‍ രഹസ്യകോഡുകള്‍; കർണാടക പൊലീസ് കേരളത്തില്‍

ഷഹനാസ് , തടിയന്റവിട നസീര്‍ , കർണാടക പൊലീസ് ,  പൊലീസ്
കൊച്ചി| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (12:06 IST)
ബംഗളൂരു ബോംബ് സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹായി പെരുമ്പാവൂര്‍ സ്വദേശി ഷഹനാസി ചോദ്യംചെയ്യാൻ കർണാടക പൊലീസ് സംഘം കേരളത്തിലെത്തി. റിമാൻഡിൽ കഴിയുന്ന ഷഹനാസിനെ വിട്ടുകിട്ടാൻ ഇന്ന് തന്നെ അപേക്ഷ നൽകിയേക്കും.

ഷഹനാസിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത കത്തുകളെ കുറിച്ചാകും കൂടുതല്‍ ചോദ്യം ചെയ്യാൻ നടക്കുക. കത്തിലെ സന്ദേശം കോഡുഭാഷയാണെന്നും പൊലീസിന് സംശയമുണ്ട്. അതിനാല്‍ രഹസ്യകോഡുകളെ കുറിച്ചുള്ള പരിശേധന നടക്കും. നസീര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കോഡുകള്‍ ആണ് ഉപയോഗിക്കുന്നതെന്നു പൊലീസിനിം വ്യക്തമായതിനാല്‍ ശാസ്‌ത്രീയമായ പരിശേധനകള്‍ നടന്നേക്കും. ഇത്തരത്തിൽ ഓരോ വിഷയങ്ങളിലും എന്ത് കോഡാണ് ഉപയോഗിക്കേണ്ടത് എന്നു തീരുമാനിച്ചതിന് ശേഷം ഫോണിലൂടെ കോഡ് ഭാഷയിൽ സംസാരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി നസീർ ജയിലിൽ രഹസ്യമായി ഫോൺ ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം.

തടിയന്റവിട നസീറിന് ജയിലിന് അകത്തും പുറത്തും സഹായങ്ങള്‍ ലഭിച്ചുവെന്നു വ്യക്തമായിട്ടുണ്ട്. ഷഹനാസിന്റെ പുക്കാട്ടുപടിയിലുള്ള വീട്ടില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നസീറിന്റെ കൈവിലങ്ങിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്. നസീറിനെ കോടതിയിലെത്തിക്കുമ്പോള്‍ രക്ഷപ്പെടുത്താന്‍ കൂട്ടാളികള്‍ പദ്ധതിയിട്ടതായാണ് ലഭിക്കുന്ന വിവരം.

തടിയന്റവിട നസീറിനെ കോടതിയിലെത്തിക്കുമ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കൈവിലങ്ങിന്റെ താക്കോല്‍ നിര്‍മിച്ചു സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. താക്കോല്‍ പ്രത്യേകം പണിയിച്ചതാണോ എന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റെയ്‌ഡില്‍ നിന്നു ലഭിച്ച ഫോണ്‍ വിളിയുടെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

തടിയന്റവിടെ നസീറിനെ കൊണ്ടുപോകുന്ന സ്ഥലങ്ങള്‍ കര്‍ണാടക പൊലീസില്‍ നിന്നു തന്നെയാണ് ചോര്‍ന്നുകിട്ടുന്നതെന്ന് കൂട്ടാളി ഷഹനാസ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗിക സാക്ഷികളെയും സ്വാധീനിക്കാന്‍ നസീര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്ന ഈ സാക്ഷികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :