കൂലിയും ബോണസും കൂട്ടി നല്‍കില്ലെന്നു തോട്ടം ഉടമകള്‍; പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന്

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം , പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി , ഷിബു ബേബി ജോണ്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (10:29 IST)
തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിര്‍ണായകമായ പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ചേംബറിലാണ് യോഗം. തൊഴിലാളികളുടെ കൂലി, ബോണസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.

തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍ ഞായറാഴ്‌ച വ്യക്തമാക്കിയത്. കൂലി വര്‍ദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നുവെന്ന് തോട്ടം ഉടമകളുടെ സംഘടന വ്യക്തമാക്കി. ഇന്ന് നടക്കാന്‍ പോകുന്ന പിഎല്‍സി യോഗത്തില്‍ ഇക്കാര്യമുന്നയിക്കുമെന്നും തോട്ടം ഉടമകള്‍ പറഞ്ഞിരുന്നു. എന്നാല്‍, തീരുമാനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്നു പെമ്പിളൈ ഒരുമൈ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ബോണസ് നല്‍കുന്നതും കൂലി കൂട്ടുന്നതും പ്രായോഗികമല്ല. കൂലി വര്‍ധിപ്പിക്കാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടും. തേയില, റബര്‍ വില വര്‍ധിക്കാതെ കൂലി കൂട്ടുക എന്നത് അപ്രായോഗികമാണ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒരു സഹായവും ഇതുവരെ ലഭച്ചില്ല. അതിനാല്‍ കൂലിവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :