Rijisha M.|
Last Updated:
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (11:25 IST)
സംസ്ഥാനത്തെ നാല് സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ 150 എംബിബിഎസ് സീറ്റുകളിലേക്കും വര്‍ക്കല എസ്ആര്‍ കോളജിലെ 100 സീറ്റുകളിലേക്കും നടന്ന പ്രവേശനമാണു റദ്ദാക്കിയത്.
ഈ കോളേജുകളിലെ പ്രവേശന നടപടി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ശേഷമുള്ള അന്തിമ വിധിയാണ് കോടതി ഇന്ന് പുറപ്പെടുവിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഈ നാല് മെഡിക്കല്‍ കോളേജുകള്‍ക്കാണ് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റത്.
ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജികളിലാണ് സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്. കോളേജുകള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശന നടപടി സുപ്രീംകോടതി സ്പെ്തംബര്‍ 5ന് സ്റ്റേ ചെയ്തിരുന്നു.