‘വിശ്വാസത്തില്‍ കയറി കളിക്കരുത്, അപ്രായോഗിക വിധികള്‍ നല്‍കരുത്’; സുപ്രീംകോടതി വിധിക്കെതിരെ അമിത് ഷാ

‘വിശ്വാസത്തില്‍ കയറി കളിക്കരുത്, അപ്രായോഗിക വിധികള്‍ നല്‍കരുത്’; സുപ്രീംകോടതി വിധിക്കെതിരെ അമിത് ഷാ

 amit shah , BJP , Sabarimala protest , police , CPM , അമിത് ഷാ , സുപ്രീംകോടതി , ബിജെപി , സി പി എം
കണ്ണൂർ| jibin| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (14:13 IST)
ശബരിമല സ്‌ത്രീ പ്രവേശന ഉത്തരവില്‍ സുപ്രീംകോടതിക്കെതിരെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി അപ്രായോഗിക വിധികള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണം. കോടതികൾ ഭരണഘടനാ ലംഘനം നടത്തുകയാണ്. മൗലിക അവകാശങ്ങള അടിച്ചമർത്തുന്ന രീതിയിലുള്ള വിധിയാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.

നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രം കോടതികള്‍ പറഞ്ഞാൽ മതി. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുത്. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

നേരത്തെ സ്ത്രീക്കും പുരുഷനും ക്ഷേത്ര പ്രവേശനത്തിൽ തുല്യ അവകാശം വേണമെന്നായിരുന്നു ആർഎസ്എസ്​ നിലപാട്​. ശബരിമല വിധിയെ സ്വാഗതം ചെയ്യുന്ന സമീപനം ആദ്യം സ്വീകരിച്ച​ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തിന്റെ ആവശ്യപ്രകാരം നിലപാട്​ മാറ്റുകയായിരുന്നുവെന്നും അമിത് ഷാ തുറന്നു പറഞ്ഞു.

അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ല. ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പം നിലകൊള്ളും. അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്. നിരവധി സുപ്രീംകോടതി വിധികൾ നടപ്പിലാക്കാൻ ഇരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വിശ്വാസികളുടെ താത്പര്യങ്ങൾ മറികടന്ന് ശബരിമല വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ കേരളത്തിൽ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും കണ്ണൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :