പനി ബാധിക്കുന്നതിന് മുൻപ് പേരയ്ക്ക കഴിച്ചിരുന്നതായി യുവാവ്; നിപ പേരയ്ക്കയിൽ നിന്നെന്ന് പ്രാഥമിക റിപ്പോർട്ട്

നിപയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ടാഴ്ച മുമ്പ് പേരയ്ക്ക കഴിച്ചിരുന്നതായി വിദ്യാര്‍ത്ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു.

Last Modified ബുധന്‍, 12 ജൂണ്‍ 2019 (11:29 IST)
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ നിപ വൈറസ് എത്തിയത് പേരയ്ക്കയില്‍ നിന്നെന്ന് പ്രാഥമിക നിഗമനം. നിപ വൈറസിന്റെ ഉറവിടം അന്വേഷിക്കുന്ന കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

നിപയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ടാഴ്ച മുമ്പ് കഴിച്ചിരുന്നതായി വിദ്യാര്‍ത്ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സംഘം ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുമായി സംസാരിച്ചിരുന്നു.

എന്നാല്‍ ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും കൂടുതല്‍ പഠനം വേണമെന്നുമുള്ള നിലപാടിലാണ് കേന്ദ്ര സംഘം. നിപ വൈറസ് സാന്നിധ്യമുള്ള വവ്വാല്‍ കടിച്ച പേരയ്ക്കയാണോ വിദ്യാര്‍ത്ഥി കഴിച്ചതെന്ന് വ്യക്തമല്ലാത്തതാണ് നിഗമനത്തിലേക്ക് എത്തുന്നതിന് തടസ്സമായിട്ടുള്ളത്.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. പരസഹായമില്ലാതെ നടക്കുന്നുണ്ട്. വൈറസിന്റെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതായെന്ന് ഉറപ്പായാല്‍ മാത്രമേ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കുകയുള്ളു. കളമശ്ശേരി മെഡിക്കല്‍ കോലേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്കും നിപ ബാധയില്ലെന്ന് കണ്ടെത്തിയതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്.എന്നാല്‍ ജൂലൈ മാസം പകുതി വരെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :