തിരുവനന്തപുരം|
JJ|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (15:45 IST)
ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല.
ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തില്‍ ഉള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവ് അനുവദിക്കുന്നതിന് വകുപ്പ് തലവന്മാര് തയ്യാറാകാവൂ.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്ന പക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധി അപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്ക് അപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്.
സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്മാര് ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം.
ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പു വരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന് കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം എന്നും സര്‍ക്കുലറില്‍ പറയുന്നു.