തിരുവനന്തപുരം|
VISHNU N L|
Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (16:12 IST)
ശ്രീകൃഷ്ണനെ ബിജെപി നേതാവാക്കി അവതരിപ്പിക്കാനാണ് ആർഎസ്എസുകാരുടെ ശ്രമമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഷ്ടമരോഹിണി ആഘോഷിക്കേണ്ടത് ക്ഷേത്രങ്ങളിലാണ്. ഹിന്ദുമതത്തിന്റെ അടയാളങ്ങളെല്ലാം ആർഎസ്എസിന്റേതാക്കി മാറ്റാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസുകാർ നടത്തുന്നത് ശ്രീകൃഷ്ണന്റെ പേരുപയോഗിച്ചുള്ള ഇടതുപക്ഷഹത്യയാണെന്നും കോടിയേരി വ്യക്തമാക്കി. ആത്മീയതയും ഭൗതികവാദവും ഒരുമിച്ചു പോവില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട്
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടില്ല. സിപിഎം നടത്തിയത് ആത്മീയ പരിപാടിയല്ല. ഓണാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മതേതര പരിപാടിയാണ്. ബാലസംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങളുടെ സമാപനമാണ് കണ്ണൂരിൽ നടന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷവും ഓണാഘോഷം നടത്തിയിരുന്നു. ഹിന്ദു ആഘോഷങ്ങളെ ആർ.എസ്.എസ് സ്വന്തമാക്കാൻശ്രമിക്കുകയാണ്. സിപിഎം വിശ്വസിക്കുന്നത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലാണ്. ബിജെപിയുടെ പ്രചരണത്തിൽ കുടുങ്ങിയവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
ജന്മാഷ്ടമി ദിവസം എന്ന പോലെ ക്രിസ്തുമസ് ദിനത്തിലും നബി ദിനത്തിലും മറ്റ് സംഘടനകൾക്ക് പരിപാടികൾ നടത്താൻ അവകാശമുണ്ട്. രക്ഷാബന്ധൻ, അഷ്ടമി രോഹിണി പോലുള്ള പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതിലൂടെ വിശ്വാസികളെ ആർഎസ്എസിലും ബിജെപിയിലേക്കും ആകർഷിക്കാനുള്ള തന്ത്രമാണ് അവരുടേതെന്നും കോടിയേരി ആരോപിച്ചു. ആർഎസ്എസ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതുകൊണ്ട് മറ്റു പാർട്ടികൾ ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്ന് പറയുന്നത് ശരിയല്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിന് അവകാശം ഉന്നയിക്കുന്ന ആർഎസ്എസിന് കൃഷ്ണനുമായി എന്ത് ബന്ധമാണുള്ളതെന്നും കോടിയേരി ചോദിച്ചു.