സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി, ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

Supreme Court, Kerala Government, Soumya Murder Case, Soumya Murder, ഗോവിന്ദച്ചാമി, ന്യൂഡല്‍ഹി,സൗമ്യ വധക്കേസ്, സുപ്രീം കോടതി
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 28 ഏപ്രില്‍ 2017 (17:11 IST)
സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ആറംഗ ബെഞ്ച് തള്ളിയത്. സൗമ്യക്കു നീതി നിഷേധിക്കപ്പെട്ടുവെന്ന സർക്കാർ വാദവും സുപ്രീം കോടതി തള്ളി.

ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അത് ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇത് തിരുത്തണമെന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ ചെലമേശ്വറും ഈ ബെഞ്ചിലുണ്ടായിരുന്നു.

അതേസമയം പരമോന്നത കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. കോടതി വിധിയില്‍ താന്‍ അതീവ ദുഖിതയാണ്. നീതി കിട്ടും വരെ തന്റെ പോരാട്ടം തുടരുമെന്നും സുമതി പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :