പരാതികളുമായി നേതാക്കള്‍ സോണിയയ്‌ക്ക് മുന്നില്‍; സീറ്റ് വിഭജനത്തില്‍ നീതി ലഭിക്കണമെന്ന് മാണി, അതൃപ്തിയുമായി ലീഗ്, ഐക്യത്തോടെ പോകുമെന്ന് ആർഎസ്പി

സോണിയ ഗാന്ധി , കേരള കോൺഗ്രസ് , കെഎം മാണി , കോൺഗ്രസ് , ആർഎസ്പി
കോട്ടയം| jibin| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (15:48 IST)
കേരളത്തിലെ നേതൃത്വത്തിനെതിരെ പരാതിയുമായി ഘടകക്ഷികൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയില്‍ മുന്നണി നേതാക്കളെല്ലാം സോണിയയെ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് കണ്ട് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. കേരള കോൺഗ്രസ് എമ്മും മുസ്‌ലിം ലീഗും അതൃപ്തി അറിയിച്ചു. കോൺഗ്രസിലെ ഐക്യം ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് ഇടപെടണമെന്നായിരുന്നു ഇരു കക്ഷികളുടെയും പ്രധാന ആവശ്യം.

മുന്നണിയ്ക്കുള്ളിലെ ഐക്യം ശക്തിപ്പെടുത്തണമെന്ന് കെഎം മാണി സോണിയയോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ നേട്ടമുണ്ടാക്കുന്നുവെന്ന പ്രസ്താവന വൃണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയ മാണി ന്യൂനപക്ഷ വികാരങ്ങള്‍ വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടണമെന്നും കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്‌ചയില്‍ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ നീങ്ങണമെന്ന് മാണി പറഞ്ഞു. റബറിന്റെ ഇറക്കുമതി അനുവദിക്കരുതെന്ന് പാർലമെന്റിൽ ആവശ്യപ്പെടണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടായത് കോൺഗ്രസിനാണ്, കേരള കോൺഗ്രസിനല്ല. അർഹമായ സീറ്റുകൾ കേരള കോൺഗ്രസിനു വേണം. സീറ്റ് വിഭജനക്കാര്യത്തിൽ നീതി ലഭിക്കണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു.


കോണ്‍ഗ്രസിലെ ഐക്യം വര്‍ധിപ്പിക്കുന്നതിനായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും യുഡിഎഫിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടതായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നേതൃമാറ്റം അടക്കമുള്ള ഒരു കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് ഉന്നയിച്ച വിഷയങ്ങലില്‍ വളരെ പോസിറ്റീവായാണ് സോണിയ പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവരും പങ്കെടുത്തു.

ഐക്യത്തോടെ യുഡിഎഫ് മുന്നോട്ടു പോകണമെന്ന് ആർഎസ്പിയും സോണിയയോട് ആവശ്യപ്പെട്ടതായി എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബാർ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിനു ലഭിച്ച വലിയ അംഗീകാരമാണ്. ഐക്യത്തോടെ മുന്നോട്ടു പോയാൽ തുടർ ഭരണം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :