തിരുവനന്താപുരം|
jibin|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2018 (08:09 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിവോടെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് കൃത്യം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ സന്തത സഹചാരികളാണ് പിടിയിലായ പ്രതികള്‍. അതിനാല്‍ കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പ്രതികള്‍ പാര്‍ട്ടിയുടെ സൈബര്‍ പോരാളികളും തിരുവനന്തപുരത്തെത്തി പ്രവര്‍ത്തനം നടത്തുന്നവരുമാണ്. പ്രാദേശിക നേതാക്കള്‍ മാത്രം അറിഞ്ഞുള്ള കൊലപാതകമല്ല ഇതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. നേതൃത്വം അറിഞ്ഞു തന്നെയാണ് ശുഹൈബിനെ വധിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ നിന്ന് നിർണായക മൊഴികൾ പൊലീസിന് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് ശുഹൈബിനെ ആക്രമിച്ചതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കാൽ വെട്ടാൻ മാത്രമായിരുന്നു തീരുമാനമെന്നുമാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പിടിയിലാകാനുള്ള രണ്ടു പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കള്‍ ആണെന്നും അറസ്റ്റിലായവർ മൊഴി നൽകി.