സ്കൂൾ പരീക്ഷാ തിയതികളിൽ മാറ്റമില്ല: സംസ്ഥാനത്തെ അങ്കണവാടികൾ തിങ്കളാഴ്‌ച്ച മുതൽ

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (21:29 IST)
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി 1 4 മുതൽ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ വീണ്ടും ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

നിശ്ചയിച്ച പാഠഭാഗങ്ങളില്‍ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ്.എസ്.എല്‍.സിയില്‍ ഏതാണ്ട് 90% വും ഹയര്‍ സെക്കന്‍ഡറിയില്‍ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങൾ പൂർത്തിയായതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കി പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കണം.

ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകള്‍ ഉണ്ടാകും. പരീക്ഷാ തീയതികളില്‍ മാറ്റമില്ല. മോഡല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 16 ന് ആരംഭിക്കും.

അതേസമയം സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്.

അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും.

ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :