സോളാര്‍ പ്രതിയുടെ സഹോദരന്റെ തലവെട്ടുമെന്ന് സരിത; ശബ്‌ദരേഖ പുറത്ത്

കൊച്ചി| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (16:10 IST)
സോളാര്‍ കേസ് പ്രതി മണിലാലിന്റെ സഹോദരന്‍ റിജേഷിനെ വിവാദനായിക സരിത എസ് നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. റിജേഷിനെ ഫോണ്‍ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയത്. ശബ്ദരേഖയില്‍ ‘ നിന്റെ രണ്ട് കാലല്ലേ ഒടിഞ്ഞിട്ടുള്ളു എന്നും എന്നോട് കളിച്ചാല്‍ തലവെട്ടുമെന്നും’ സരിത ഭീഷണിപ്പെടുന്നുണ്ട്.
റിജേഷിനെ സരിത നായര്‍ വിളിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം ഒരു വാര്‍ത്താചാനലാണ് പുറത്തുവിട്ടത്.

നേരത്തെ സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും ചാനല്‍ പുറത്തുവിട്ടിരുന്നു. റിജേഷുമായി മുഖ്യമന്തി ഉമ്മന്‍ചാണ്ടി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ സഹായങ്ങള്‍ക്ക് പിഎ മാധവന്‍ എം എല്‍ എയുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുന്നു. മാധവനോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫോണില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാധവന്‍ പണം നല്‍കിയെന്നും മണിലാലിന്റെ ബന്ധുക്കള്‍ അവകാശപ്പെട്ടതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സോളാര്‍ കേസില്‍ താന്‍ ഇടപെട്ടില്ലെന്ന് പി എ മാധവന്‍ എംഎല്‍എ പറഞ്ഞു. സോളാര്‍ കേസില്‍ സരിത നായരുടെ കൂട്ടുപ്രതിയായ മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതായി വി എസ് സുനില്‍ കുമാര്‍ എംഎല്‍എ ഇന്നലെ സോളാര്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു.

അതേസമയം, സോളാര്‍ കേസിലെ പ്രതികളെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ മണലൂര്‍ എം എല്‍ എയെ വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ കിടക്കുന്ന ആളുടെ ബന്ധുവെന്ന നിലയിലാണ് സഹോദരനോട് സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :