നിശബ്‌ദതയാണ് മികച്ച മറുപടി; സോളാര്‍ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല: ചാണ്ടി ഉമ്മന്‍

  സരിത എസ് നായര്‍ , സോളാര്‍ കമ്മീഷന്‍ , ചാണ്ടി ഉമ്മന്‍ , ഉമ്മന്‍ ചാണ്ടി
കോട്ടായം| jibin| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (08:34 IST)
സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴികള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്ത്. ആരോപണങ്ങളെക്കുറിച്ച് ഫേസ്‌ബുക്കിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

നിശബ്‌ദതയാണ് മികച്ച മറുപടിയെന്നും സത്യം ഒരിക്കല്‍ പുറത്ത് വരുമെന്നും പോസ്‌റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനും സാധിക്കും പക്ഷേ തന്റെ കീഴ്‌വഴക്കങ്ങള്‍ മാറ്റാനാകില്ലെന്നും ഗാന്ധിജിയുടെ വാക്കുകളെ ഉദ്ദരിച്ച് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് സോളാര്‍ ബിസിനസുമായി യാതൊരു ബന്ധവുമില്ലെന്ന് സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അറിയാം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണ്, അതില്‍ വിശ്വസിക്കുന്നു. നിയമ നടപടികളിലേക്ക് കടന്നതിനാല്‍ കൂടുതലായി ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

മകൻ ചാണ്ടി ഉമ്മനെ ഡയറക്​ടറാക്കി കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി തന്നോട്​ പറഞ്ഞെന്നാണ്​ സരിത മൊഴി നൽകിയിരിക്കുന്നത്. തന്‍റെ മറ്റു കുടുംബാംഗങ്ങളും ഈ കമ്പനിയില്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും സരിത വ്യക്തമാക്കി. അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കാന്‍ ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. സോളാര്‍ പാനലുകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഇവരില്‍ നിന്ന് ഇറക്കുമതി ചെയ്യണമെന്നു പറഞ്ഞു. ക്ളിഫ് ഹൌസില്‍ വച്ചും ചാണ്ടി ഉമ്മനുമായി ചര്‍ച്ച നടത്തിയെന്നും സരിത കമ്മീഷനെ അറിയിച്ചു. ചാണ്ടി ഉമ്മന്‍ പലപ്പോഴും സംസാരിച്ചിരുന്നത് തോമസ് കുരുവിളയുടെ ഫോണിലൂടെയാണ്. 80 ലക്ഷം രൂപ കൈപ്പറ്റിയതായി തോമസ് കുരുവിളയുടെ ഫോണിലൂടെയാണ് വിളിച്ചു പറഞ്ഞതെന്നും സരിത വ്യക്തമാക്കി.

കൂടാതെ സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്‌ത്രീയുമായി ചാണ്ടി ഉമ്മന്‍ ദുബായിലെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിച്ചെടുത്ത് മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യുന്നുവെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങള്‍ ചിത്രങ്ങളും പൊലീസിനു ലഭിച്ചുവെന്നുമാണ്
മൊഴി.

ചാണ്ടി ഉമ്മന്റെയും ഈ സ്‌ത്രീയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ തെളിവുകള്‍ പിടിച്ചെടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രിസഭാ പുനസംഘടന വേളയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചുവെന്നും അങ്ങനെയാണ് അങ്ങനെ മന്ത്രിസഭയില്‍ തുടരാന്‍ ശ്രമിച്ചുവെന്നും സരിത കമ്മീഷനോട് വെളിപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :