സരിത പറയുന്നത് കേരളം വിശ്വസിക്കില്ല; സരിത ദുരിതാശ്വാസ നിധിയിലേക്ക് തന്ന രണ്ടുലക്ഷത്തിന്റെ ചെക്ക് മടങ്ങിയതാണ്

കൊച്ചി| JOYS JOY| Last Updated: ബുധന്‍, 27 ജനുവരി 2016 (14:11 IST)
സോളാര്‍ കമ്മീഷനു മുമ്പില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് എതിരെയുള്ള സരിതയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സരിത പറയുന്നത് കേരളം വിശ്വസിക്കില്ല. ദുരിതാശ്വാസ നിധിയിലേക്ക് തന്ന രണ്ടുലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതാണ്. അങ്ങനെയുള്ള സരിത കോടികള്‍ നല്കിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നേരത്തെ, സരിത ഇക്കാര്യത്തില്‍ മൊഴി നല്കാതിരുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

അഥവാ പറയുന്നതു പോലെ അവര്‍ പണം നല്കിയിട്ടുണ്ടെങ്കില്‍ പകരമായി അവര്‍ എന്തു നേടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ആനുകൂല്യവും അവര്‍ക്ക് നല്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിത പറയുന്നതിനെ ജനം വിലയിരുത്തട്ടെ. സരിത പണം നല്കിയെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും നേട്ടം വേണ്ടേ. ഇവരുടെ കമ്പനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോ. എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വ്യാപകമായ തട്ടിപ്പ് നടത്തിയതിനു ശേഷം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ജുഡീഷ്യല്‍ കമ്മീഷനെ വെച്ചിരിക്കുന്നത് സത്യങ്ങള്‍ തെളിയിക്കാനാണെന്നും സരിതയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പില്‍ മുഖ്യമന്ത്രി ഹാജരായതിനെക്കുറിച്ചുള്ള പിണറായി വിജയന്റെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്കി. താന്‍ നിയമത്തെ മാനിക്കുന്ന ആളാണ്. സഭയ്ക്ക് അകത്തും പുറത്തും ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്
കമ്മീഷന് മുമ്പാകെ ഹാജരായത്.

കമ്മീഷന് സര്‍ക്കാര്‍ എല്ലാ പിന്തുണയും കൊടുത്തിട്ടുണ്ട്. കമ്മീഷന് മുമ്പില്‍ ഹാജരാകുക എന്ന പറയുന്നത് തന്റെ കടമയാണെന്നും അതിനാല്‍ ഹാജരായെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :