സന്തോഷ് മാധവന്റെ ഭൂമിയിടപാട് കേസിൽ അടൂർ പ്രകാശനെതിരെ ത്വരിത പരിശോധന

സന്തോഷ് മാധവന്റെ ഭൂമിയിടപാട് കേസിൽ അടൂർ പ്രകാശനെതിരെ ത്വരിത പരിശോധന

സന്തോഷ് മാധവൻ ഇടനിലക്കാരനായ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അടൂർ പ്രകാശനെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവ്. വിവാദ സ്വാമി സന്തോഷ് മാധവൻ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ്‌ മേത്ത എന്നിവരടക്കം മറ്റ് അഞ്ചു പേർക്കെതിരേയും ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിറക്കിയത്.
 
ഭൂമിയിടപാടു കേസിൽ സന്തോഷ് മാധവന്റെ കമ്പനിക്ക് നിയമത്തിനെതിരായി വഴിവിട്ട സഹായം നൽകിയെന്നാണ് മന്ത്രിയടക്കമുള്ളവർക്കെതിരായ ആരോപണം. ആരോപണം ഉന്നയിക്കപ്പെടുന്ന രീതിയിലുള്ള വഴിവിട്ട നീക്കം ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തി എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കണമന്ന് വിജിലൻസ് ഡയറക്ടർക്ക് ന‌ൽകിയ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നുണ്ട്.
 
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേയും ആരോപണങ്ങ‌ൾ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ കേസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ ലഭ്യമായാൽ ഹർജിക്കാരന്റെ ആവശ്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
 
എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, തൃശൂരിലെ മാള എന്നിവിടങ്ങളില്‍ 127 ഏക്കര്‍ ഭൂമി സന്തോഷ്‌ മാധവന്‌ വിട്ടുകൊടുത്ത റവന്യൂ വകുപ്പ്‌ നടപടി വിവാദമായിരുന്നു. ജില്ലാ കലക്‌ടര്‍മാരുടെയും ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍മാരുടെയും വിലക്കുകള്‍ നിരസിച്ചാണ്‌ റവന്യൂ വകുപ്പ്‌ ഈ ഭൂമി സന്തോഷ്‌ മാധവന്‌ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്‌. മാര്‍ച്ച്‌ രണ്ടിനാണ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്‌.
 
മൂവാറ്റുപുഴ| aparna shaji| Last Updated: ബുധന്‍, 30 മാര്‍ച്ച് 2016 (18:20 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :