സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2024 (12:20 IST)
ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍. പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിനും പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശ്രീകൃഷ്ണകുമാറിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഒരു വശത്ത് ക്രൈസ്തവ സ്‌നേഹ അഭിനയിച്ചുകൊണ്ട് കേക്കുമായി ക്രൈസ്തവരുടെ വീടുകളിലേക്ക് പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനുമാണ് ശ്രമിക്കുന്നതെന്നും സ്‌കൂളില്‍ കുട്ടികള്‍ വളരെ നിഷ്‌കളങ്കതയോടെ നടത്തിയ കരോളിനെ പോലും ആക്രമിക്കാനുള്ള ശ്രമം സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സന്ദീപ് പറഞ്ഞു.