ക്രിമിനല്‍ കേസ് പ്രതിയായ ബിജെപി നേതാവിന്റെ വീട് സന്ദര്‍ശിച്ചു; ഋഷിരാജ് വീണ്ടും വിവാദത്തില്‍

   ഋഷിരാജ് സിംഗ് , ബിജെപി , ബിജെപി നേതാവിന്റെ വീട്ടില്‍ സന്ദര്‍ശനം , വിജീഷ്
തൃശൂര്‍| jibin| Last Modified തിങ്കള്‍, 27 ജൂലൈ 2015 (10:58 IST)
എഡിജിപി ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍ കുടുങ്ങി. കാർഗിൽ വിജയ് ദിവസമായ ഞായറാഴ്‌ച നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൃശ്ശൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍ വിരുന്നു സത്കാരത്തിനെത്തിയതാണ് വിവാദമായിരിക്കുന്നത്.
തൃശൂര്‍ കണ്ടാണിശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ വിജീഷിന്റെ വീട്ടിലാണ് എഡിജിപി സന്ദര്‍ശനം നടത്തിയത്.

കണ്ടാണശേരിയിലുള്ള മുൻ സൈനികർ ഉൾപെടെയുള്ളവരുടെ സംഘടനയായ ദേശസ്നേഹിയുടെ പരിപാടിയിൽ പങ്കെടുത്തശേഷം വിജീഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നു വിജീഷ്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് മറികടന്നാണ് ഋഷിരാജ് സിംഗ് വിരുന്നിനെത്തിയതെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായതോടെ ഋഷിരാജ് സിംഗ് വിശദീകരണവുമായി രംഗത്തെത്തി. കാര്‍ഗില്‍ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിരുന്നില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയതെന്നും വിജീഷ് വധശ്രമക്കേസില്‍ പ്രതിയാണന്ന് അറിയില്ലായിരുന്നെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ഗുരുവായൂര്‍ എസിപി ഉള്‍പ്പടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഋഷിരാജ് സിംഗിനൊപ്പം ഉണ്ടായിരുന്നു.

അതേസമയം, ഋഷിരാജ് സിംഗിന്റെ നടപടി പ്രതിഷേധാര്‍ഹമാണന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എസി മൊയ്തീന്‍ പറഞ്ഞു.
ബിജെപിയുടെ സംരക്ഷണം തേടിയാണ് ഋഷിരാജിന്റെ നടപടിയെന്നും സിപിഎം ആരോപിച്ചു. എന്നാൽ 2011ൽ കണ്ടാണശേരിയിലെ രണ്ടു സിപിഎം ലോക്കൽ കമ്മിറ്റിയംഗങ്ങളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ബിജീഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :