ജാതിസംഘടനകള്‍ സമ്പന്നരുടെ പിടിയിലാണെന്ന് പിണറായി

തിരുവനന്തപുരം| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (14:35 IST)
സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴി തെളിച്ച ജാതി സംഘടനകള്‍ ഇന്ന് സന്പന്നരുടെ പിടിയിലാണെന്ന് സിപി‌എം സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയന്‍. സമ്പന്നരാണ് സംഘടനകളുടെ തലപ്പത്തുള്ളതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ജാതി സംഘടനകള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ്എന്‍ഡിപി യോഗത്തിന്റെ ശാഖയില്‍ ആര്‍എസ്എസിന്റെ വിഷം ചീറ്റുന്ന പ്രാസംഗികരെ പങ്കെടുപ്പിക്കുന്ന സാഹചര്യമുണ്ട്. ഏത് ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം വര്‍ഗീയവാദികളെ പങ്കെടുപ്പിക്കുന്നത്.
ഓരോ എസ്എന്‍ഡിപി ശാഖകള്‍ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് അത്തരം ആളുകളെ പങ്കെടുപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു. .

സംഘടനാ ദൗര്‍ബല്യങ്ങളും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തിരിച്ചടിക്ക് കാരണമായി, മതനേതൃത്വങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ജാതി, മത വികാരം ആളിക്കത്തിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞു. ന്യൂനപക്ഷ വികാരം ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. ന്യൂനപക്ഷങ്ങളില്‍ തന്നെ തീവ്രവാദ നിലപാടുള്ളവരും
ഇതിന് ആവോളം പിന്തുണ നല്‍കി. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൊതു സ്വീകാര്യത ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

നികുതി വര്‍ധനക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 11 മുതല്‍ 18 വരെ വോളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി ബോധവത്കരണം നടത്തും. 20 മുതല്‍ 30വരെ വാര്‍ഡുതലത്തില്‍ നികുതിദായകരുടെ യോഗം വിളിച്ചുചേര്‍ക്കും. മാലിന്യ സംസ്കരണത്തിന് സിപിഎം നേരിട്ട് രംഗത്തിറങ്ങുമെന്നും പിണറായി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :