മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരുന്നത് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

ശ്രീനു എസ്| Last Modified വ്യാഴം, 1 ജൂലൈ 2021 (14:50 IST)
മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചുവരുന്നവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേല്‍പ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ 30 ആയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാല്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തീയതി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് സമൂഹത്തിന്റെ വിവധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി നീട്ടിയത്.

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 6 വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 30 വൈകുന്നേരം 6 മണി വരെ 4938 എ.എ.വൈ കാര്‍ഡ്(മഞ്ഞ), 35178 പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക്), 20278 എന്‍.പി.എസ് കാര്‍ഡ്(നീല) ഉള്‍പ്പെടെ ആകെ 60394 റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :