നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും: രമേശ് ചെന്നിത്തല

തിരുവനന്തപുരം​| VISHNU.NL| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (17:08 IST)
അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തില്‍ എത്തിച്ച സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പൊലീസ് നിയമാനുസൃതമായി പ്രവര്‍ത്തിക്കും. പൊലീസിന്റെ മനോവീര്യം കെടുത്തുന്ന നടപടികളൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല എന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. എഫ്ഐആ‍ര്‍ റദ്ദാക്കണമെന്ന മുസ്ളീംലീഗിന്റെ ആവശ്യത്തോട് റദ്ദാക്കണമെങ്കില്‍ നിയമപരമായി മുന്നോട്ട പോകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ മന്ത്രി പുതിയ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു. സ്കൂളുകളെയും കലാലയങ്ങളേയും ലഹരി മുക്തമാക്കുന്നതിന് ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ക്ളീന്‍ ക്യാന്പസ്,​ സേഫ് ക്യാന്പസ് എന്ന പേരില്‍ നടത്തുന്ന പദ്ധതിയ്ക്ക് മാധ്യമങ്ങളുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു

വിദ്യാലയങ്ങള്‍ക്ക് സമീപം വന്‍തോതില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം നടപടികള്‍ ശക്തമായി നേരിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതൊരു യജ്ഞമായാണ് സര്‍ക്കാര്‍ കാണുന്നത്. സ്കൂളുകളെ ലഹരി വിമുക്തമാക്കുന്നതിന് ജാഗ്രതാ സമിതികളെ ശക്തിപ്പെടുത്തും. പാന്‍മസാല,​ കഞ്ചാവ്,​ ശംഭു പോലുള്ള ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട്
ഇതുവരെ 8300 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 678 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. നാലു കോടിയോളം രൂപയും സ്വര്‍ണവും വാഹനങ്ങളും മറ്റും പിടികിടൂയിട്ടുണ്ട്. അമിത പലിശ ഈടാക്കി വായ്പ നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവും. അനധികൃത മണിചെയിനുകള്‍ നിരോധിക്കുമെന്നും ചെന്നിത്തല അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :