അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 നവംബര്‍ 2023 (14:37 IST)
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നവംബര്‍ 8 നു ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 3 4 ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴക്ക് സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്തദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള യെല്ലോ അലര്‍ട്ട് ഇങ്ങനെ
8-11-2023: ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
09-11-2023: ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.