രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (08:15 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേതൃത്വം നല്‍കിയ ജനപക്ഷ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാളെ കെപിസിസി വിശാല എക്സിക്യൂട്ടീവ് യോഗത്തിലും പങ്കെടുക്കുന്ന രാഹുല്‍, ഈ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുമായി ചര്‍ച്ചയ്ക്കും സമയം കണ്ടെത്തുമെന്നാണു സൂചന.

വൈകിട്ടു നാലിനു പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന യാത്രയുടെ സമാപന സമ്മേളനത്തില്‍ എ.കെ. ആന്റണി, വയലാര്‍ രവി, എഐസിസി സെക്രട്ടറി മുകള്‍ വാസ്നിക് എന്നിവരും പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വിമാനത്താവളത്തില്‍നിന്നു നേരിട്ടു സമ്മേളന വേദിയിലെത്തും. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ടു നാലു മുതല്‍ ഏഴു വരെ നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.

അതേ സമയം നാളെ രാവിലെ പത്തിന് ഇന്ദിരാ ഭവനില്‍ ചേരുന്ന വിശാല എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയിലെ പുതിയ വിഭാഗീയ നീക്കങ്ങള്‍ മറനീക്കി പുറത്തുവരുമെന്ന് കരുതുന്നു. വിജയമായിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ രഹസ്യമായി യാത്രയ്ക്കെതിരെ പ്രവര്‍ത്തിച്ചെന്ന പരാതി സുധീരന്‍ പക്ഷത്തിനുണ്ട്.

മദ്യനയത്തില്‍ ഉള്‍പ്പെടെ സുധീരന്റെ ഒറ്റയാള്‍ നീക്കങ്ങളെക്കുറിച്ചാകും എതിര്‍വിഭാഗത്തിനുള്ള പരാതി. കൂടിക്കാഴ്ചയ്ക്ക് ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്നതില്‍ വ്യക്തതയില്ല. യുഡിഎഫ് ഘടക കക്ഷി നേതാക്കളും ചര്‍ച്ചയ്ക്കു സമയം തേടിയിട്ടുണ്ട്.
യോഗത്തിലെ ഏക അജന്‍ഡ രാഹുലിന്റെ പ്രസംഗമാണ്. അതിനുഇ ശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള വിമാനത്തില്‍ മടങ്ങും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :