ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടി: ചെന്നിത്തല

രമേശ് ചെന്നിത്തല , എഡിജിപി ജേക്കബ് തോമസ് , പൊലീസ്
തിരുവനന്തപുരം| jibin| Last Modified ശനി, 30 മെയ് 2015 (16:48 IST)
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുടെ ഭാഗമായി എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രംഗത്ത്. രണ്ടു പേർ വിരമിച്ചപ്പോൾ മറ്റു രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്‌തത് അല്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ ആരെയും മാറ്റിയിട്ടില്ല. ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജേക്കബ് തോമസിനെ ഫയർഫോഴ്സ് ഡിജിപിയായി നിയമിച്ചതിനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ സുരക്ഷയുടെ മൂന്ന് മാസത്തിനിടെ ഭാഗമായി 64,166 പേരെ അറസ്റ്റു ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവ‌ർക്കെതിരായ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോവും. ക്ളീൻ കേരള, സേഫ് കേരള പദ്ധതി തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുടെ ഭാഗമായി എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിരുന്നു. അദ്ദേഹത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഡിജിപിയായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപി എൻ ശങ്കർ റെഡ്ഡിയാണ് പുതിയ വിജിലൻസ് എഡിജിപി.

പൊലീസ് ആസ്ഥാനത്ത് എഡിജി.പിയായിരുന്ന ലോകനാഥ് ബെഹ്റയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽ മേധാവിയായി നിയമിച്ചു. അരുൺകുമാർ സിൻഹയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എഡിജിപി. എഡിജിപി അനിൽകാന്തിനെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :