പ്രവീണ്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളി ഒമ്പതു വര്‍ഷത്തിനു ശേഷം പിടിയില്‍

കോഴിക്കോട്| VISHNU.NL| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (18:31 IST)
കേരളത്തേ നടുക്കിയ അരുംകൊലയായ പ്രവീണ്‍ വധക്കേസിലെ പിടികിട്ടാപുള്ളിയും വാടക ഗുണ്ടയുമായ സജിയെ പൊലീസ് പിടികൂടി. കോഴിക്കോട് വടകരയില്‍ വച്ചാണ് പിടിയിലായത്. ചെന്നൈ, ആന്ധ്രയിലെ ചിറ്റൂര്‍ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു ഇയാള്‍. 2005 ഫെബ്രുവരി 15നു രാത്രിയാണ് പ്രവീണ്‍ എന്ന യുവാവിനേ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ കേസിലെ പ്രധാനപ്രതി ഡിവൈഎസ്പി ഷാജി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കോട്ടയം ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ രണ്ടാം പ്രതി മഞ്ഞാമറ്റം ബിനു ബൈക്കില്‍ കയറ്റി കൊണ്ടുവന്ന പ്രവീണിനെ ഷാജിയും മൂന്നു വാടകഗുണ്ടകളും ചേര്‍ന്നു ബലമായി വാനില്‍ കയറ്റി, കഴുത്തുവരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അതിനു ശേഷം അയ്മനം വല്യാട് ഐക്കരശ്ശാലില്‍, ഷാജിയുടെ കുടുംബ വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ വച്ച് പ്രവീണിന്റെ മൃതദേഹം വെട്ടി നുറുക്കി പല ഭാഗങ്ങളാക്കി ചാക്കിക്കെട്ടി വിവിധ സഥലങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. കുമരകത്തിനു സമീപം കായലില്‍ ഉപേക്ഷിച്ച കാല്‍ കണ്ടെത്തിയതോടെയാണു കൊലപാതകം ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. പൊലീസ് ജോലിയോടൊപ്പം കൊച്ചിയില്‍ ബസ് സര്‍വീസ് ഉള്‍പ്പെടെ അനവധി ഇടപാടുകള്‍ നടത്തിയിരുന്ന ഷാജിയുടെ അനധികൃത ഇടപാടുകള്‍ അറിയാവുന്ന ആളായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍. പ്രവീണിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ മേവക്കാട്ട് ബിനുവിന്റെ സഹായത്തോടെ ഷാജിയും സംഘവും കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ രണ്ടാംഘട്ട വിധി പുറത്തു വന്നുകഴിഞ്ഞിട്ടും അഞ്ചാം പ്രതി സജി ഒളിവിലായിരുന്നു. ഡിവൈഎസ്പി ഷാജിയുടെ നിര്‍ദേശപ്രകാരം പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം പ്രതികളായ പ്രിയനും സുനിലിനുമൊപ്പം സജി മുംബൈയിലേക്കു ചേക്കേറുകയായിരുന്നു. അവിടം സുരക്ഷിത താവളമാക്കി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു വിദേശത്തേക്കു പോവുകയായിരുന്നു ലക്ഷ്യം.

പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സജി കൂട്ടാളികളില്‍ നിന്നു വേര്‍പെട്ടുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് വലവീശിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്ന് വടകരയില്‍ വച്ച് പിടിയിലാവുകയായിരുന്നു.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചു സജി വിദേശത്തേക്കു കടന്നിട്ടുണ്ടാകാമെന്നുവരെ പൊലീസ് നേരത്തേ കരുതിയിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :