തിരുവനന്തപുരം|
Last Modified ബുധന്‍, 26 നവംബര്‍ 2014 (17:24 IST)
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കഴിഞ്ഞ ദിവസം ആന്റി പൈറസി സെല്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്ത് സിറ്റി മ്യൂസിക് എന്ന കട നടത്തുന്ന മൈലം പള്ളിക്കല്‍ ഒടയന്‍ കാവ് സ്വദേശി സെയ്ദലി എന്നയാളാണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്ന് പുതിയ മലയാള സിനിമകളുടെ 12000 ലേറെ സിഡികളും നൂറിലേറെ അശ്ലീല സിഡികളും അധികൃതര്‍ പിടിച്ചെടുത്തു. ഇയാള്‍ക്ക് സിഡികള്‍ എത്തിച്ചതിനു തിരുവനന്തപുരം ബീമാപ്പള്ളിയിലെ എ.ബി.സി എന്ന കട നടത്തുന്ന യഹിയ ഖാനെതിരെ കേസെടുത്തിട്ടുണ്ട്.
ഇതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ കല്ലറയില്‍ മമ്മൂട്ടി മൊബൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന കല്ലറ സ്വദേശി ഷമീര്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു. അശ്ലീല ക്ലിപ്പിംഗുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ത്തി നല്‍കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ആന്റി പൈറസി സെല്‍ പൊലീസ് സൂപ്രണ്ട് സനല്‍ കുമാര്‍, ഡിറ്റക്റ്റീവ് ഇന്‍സ്പെക്റ്റര്‍മാരായ പൃഥ്വീരാജ്, എ.എസ്.ഐമാരായ മണികണ്ഠന്, വിഷ്ണുപ്രസാദ് എന്നിവര്‍ നേതൃത്വം നല്കിയ സംഘമാണ് റെയ്ഡ് നടത്തിയത്.