വിജിലന്‍സിനെയും സൂരജ് വെട്ടിച്ചു; ബാങ്ക് അക്കൌണ്ടുകള്‍ കാലി!

കൊച്ചി| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (14:03 IST)
വസതിയിലേയും ഓഫീസിലേയും റെയ്ഡ് നടത്തിയ വിജിലന്‍സിനെയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് വെട്ടിച്ചതായി സൂചന. റെയ്ഡിന് ശേഷം എറണാകുളത്ത് എത്തിയ ടിഒ സൂരജ് ബാങ്ക് ലോക്കറില്‍നിന്നുള്ള സമ്പാദ്യം മാറ്റി. ഇന്ത്യന്‍ ബാങ്കിന്റെ വൈറ്റില ബ്രാഞ്ചില്‍ നിന്നുള്ള സമ്പാദ്യമാണ് കാലിയാക്കിയത്. ഇതേ തുടര്‍ന്ന് സൂരജിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് വിജിലന്‍സ് കത്ത് നല്‍കി.

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലന്‍സിന്റെ നിരീക്ഷണവലയത്തിലായിരുന്നു. റെയ്ഡിനു ശേഷം ഇന്നലെ കൊച്ചിയിലെ വസതിയിലെത്തിയ ടി ഒ സൂരജ് ഭാര്യയോടൊപ്പം ഇന്ത്യന്‍ ബാങ്കിന്റെ വൈറ്റില ശാഖയിലെത്തി ലോക്കറില്‍നിന്നും സമ്പാദ്യം കാലിയാക്കി.

ബാങ്കില്‍ നിന്നും കലൂരിലുള്ള നക്ഷത്ര ഹോട്ടലിലേക്കാണ് സൂരജ് പോയത്. ലോക്കറില്‍ നിന്നുള്ള സമ്പാദ്യം എവിടെ ഒളിപ്പിച്ചെന്ന കാര്യമാണ് വിജിലന്‍സ് അന്വേഷിച്ചു വരികയാണ്. പരാതിക്കുമുമ്പും പിമ്പും ആരോപണ വിധേയരായ വ്യക്തികളെ നിരീക്ഷിക്കുന്നത് വിജിലന്‍സിന്റെ പതിവാണ്. ഇങ്ങനെ നിരീക്ഷിച്ചപ്പോഴാണ് ലോക്കര്‍ കാലിയാക്കിയ നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ ലോക്കറുകളും അക്കൗണ്ടുകളും കാലിയാക്കാതിരിക്കാനാണ് ഇവയെല്ലാം മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ളതിനാല്‍ കണ്ടെത്തിയതെല്ലാം ശരിയായ ഉറവിടമുള്ള പണമാണെന്ന സൂരജിന്റെ വാദം വിജിലന്‍സ് തള്ളി. അടിസ്ഥാന ശമ്പളമായ 52,000 രൂപയും 107 ശതമാനം ബത്തയും കഴിഞ്ഞാലും സൂരജ് അവകാശപ്പെടുന്നതുപോലെ വരുമാനമില്ല. സത്യവാങ്മൂലം നല്‍കിയ സ്വത്തിനേക്കാള്‍ പലമടങ്ങ് സ്വത്താണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഒരുസത്യവാങ്മൂലത്തിലും നല്‍കാത്ത ഫോര്‍ട്ട് കൊച്ചിയിലെ 17 സെന്റ് ഭൂമിയുടെ രേഖകള്‍കൂടി വിജിലന്‍സ് പിടിച്ചെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :