മന്ത്രി പികെ ജയലക്ഷ്മി വിവാഹിതയായി

 പികെ ജയലക്ഷ്മി വിവാഹിതയായി , പികെ ജയലക്ഷ്മി , വയനാട് , ജയലക്ഷ്മി
വാളാട് (വയനാട്)| jibin| Last Modified ഞായര്‍, 10 മെയ് 2015 (10:42 IST)
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഏക വനിതയായ പികെ ജയലക്ഷ്മി വിവാഹിതയായി. രാവിലെ 9.35ന് വാളാട് തറവാട്ട് മുറ്റത്തെ നാലുകെട്ടിൽ നടന്ന ചടങ്ങിൽ മുറച്ചെറുക്കനായ അനിൽ കുമാർ ജയലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി. ജയലക്ഷ്മിയുടെ തറവാടായ വയനാട് വാളോട് പാലോട്ടു വീടിന്റെ നടുമുറ്റത്തൊരുക്കിയ പന്തലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ആദിവാസി ഗോത്രാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

ഏഴു വര്‍ഷം മുമ്പ് തീരുമാനിച്ചതായിരുന്നു ജയലക്ഷ്മിയും കര്‍ഷകനുമായ അനില്‍കുമാറും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ, മന്ത്രിമാർ, സ്പീക്കർ എൻ ശക്തൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെസി ജോസഫ്, കെപി മോഹനന്‍, എംപി മാർ, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ, രാഷട്രീയ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉമ്മൻചാണ്ടിയുടേയും വിഎസിന്റേയും കാൽ തൊട്ട് വന്ദിച്ചു ശേഷമാണ് ജയലക്ഷ്മി കതിർമണ്ഡപത്തിലേക്ക് കയറിയത്. പ്രസിദ്ധമായ ശ്രീ വള്ളിയൂർക്കാവ്
ഭഗവതി ക്ഷേത്രത്തിലെ ശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലത്തെ ശ്രീജേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിവാഹത്തിന്റെ മറ്റ് ചടങ്ങുകൾ നടന്നത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് വിവാഹച്ചടങ്ങുകള്‍ക്ക് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ഗൗരിയമ്മക്കും ശേഷം മന്ത്രി പദവിയിലിരിക്കെ വിവാഹം നടക്കുന്ന മൂന്നാമത്തെയാളാണ് ജയലക്ഷ്മി. വിവാഹ ചടങ്ങുകള്‍ക്കു ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഒരേ സമയം 600 പേര്‍ക്കു ഭക്ഷണം കഴിക്കാന്‍ സൌകര്യമുള്ള പന്തലായിരുന്നു ഒരുക്കിയിരുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയാണു സദ്യയൊരുക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :